ട്രാവൻകൂർ പാലസ്: സാംസ്‌കാരിക കേന്ദ്രമായി നവീകരിച്ച് കേരളത്തിന്റെ പൈതൃക മന്ദിരം
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥയിലുള്ള ഡൽഹിയിലെ ട്രാവൻകൂർ പാലസ് വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ചു. കേരളത്തിന്റെ കലാ സാംസ്കാരിക ടൂറിസം ആസ്ഥാനമായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് പൈതൃക മന്ദിരമായ ട്രാവൻകൂർ പാലസ് വിപുലമായ സാസ്കാരിക കേന്ദ്രമായി നവീകരിച്ചത്.
കസ്തൂർബഗാന്ധി മാർഗിലെ 4 ഏക്കർ പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന പാലസ് കൊളോണിയൽ ആർക്കിടെക്ച്ചർ ശൈലിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 68 മുറികളുള്ള പാലസിൽ 5 ആർട് ഗാലറി, കോൺഫറൻസ് – സെമിനാർ ഹാൾ, ഡിജിറ്റൽ ലൈബ്രറി, 250 പേർക്ക് ഇരിക്കാൻ സാധിക്കുന്ന മൾട്ടി പർപ്പസ് ആംഫി തീയേറ്റർ, ഔട്ട് ഡോർ എക്സിബിഷൻ ഏരിയ, കേരള ചരിത്രത്തെക്കുറിച്ചുള്ള 23 മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ബുക്ക് സ്റ്റാൾ, പരമ്പരാഗത വസ്ത്രശാല, ആയൂർവേദ ഷോപ്പ്, റസ്റ്റോറന്റ് കഫ്‌റ്റേരിയ, വാട്ടർ ഫൗണ്ടൻ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് നവീകരിച്ചത്. 35 കിലോവാട്ട് വൈദ്യുതി ഉത്പ്പാദന ശേഷിയുള്ള സൗരോർജ പ്ലാന്റും മാലിന്യ സംസ്കരണ പ്ലാന്റും ഉൾപ്പടെയുള്ള സംവിധാനങ്ങളോട് കൂടിയ നവീകരണ പ്രവർത്തികൾക്ക് ₹ 23.8 കോടിയോളം ചെലവഴിച്ചു. 2022 ഫെബ്രുവരിയിലാണ് പാലസിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചത്.
സംസ്ഥാനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികൾക്ക് ഉതകുന്ന തരത്തിലുള്ള ആംഫി തിയേറ്റർ, ഗവേഷണ വിദ്യാർത്ഥികൾക്കും മറ്റും പ്രയോജനപ്പെടും വിധം വിപുലമായ ഡിജിറ്റൽ ലൈബ്രറി എന്നിവ പാലസിന്റെ പ്രധാന സവിശേഷതകളാണ്. അന്താരാഷ്‌ട്ര ട്രേഡ് ഫെയർ അടക്കം പ്രത്യേക സന്ദർഭങ്ങളിലല്ലാതെ കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങളുടെ കുറവ് നികത്താൻ വിൽപന കേന്ദ്രവും സജ്ജീകരിക്കും. കേരളത്തിൽ നിന്നുള്ള കലാകാരൻമാരുടെ എക്‌സിബിഷനായി വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും നടക്കുന്ന കലാ സാാസ്‌കാരിക പരിപാടികളുടെയും എക്‌സിബിഷനുകളുടെയും വിവരങ്ങൾ അറിയാനുള്ള ടച്ച് സ്‌ക്രീൻ കെട്ടിടത്തിന് മുന്നിലൊരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ കൂടുതൽ ജനകീയമാക്കുന്നതിനു ട്രാവൻകൂർ പാലസിന്റെ വിവിധ സവിഷേതകളോട് കൂടിയുള്ള നവീകരണം ഉപകരിക്കും.