കാനാമ്പുഴ പുനരുജ്ജീവന പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനം നിർവഹിച്ചു
സംസ്ഥാനത്തെ ആദ്യ നദീപുനരുജ്ജീവന പദ്ധതി നാടിന് സമർപ്പിച്ചു. കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടമാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചത്. മലിനീകരണവും പലവിധ ഇടപെടലുകളും മൂലം ശോഷിച്ച കാനാമ്പുഴ ശുചീകരണത്തിന്റെ ഭാഗമായി അദ്ഭുതകരമായ ജനകീയ മുന്നേറ്റമാണ് നടന്നത്.
വീണ്ടെടുത്ത പുഴ ഹരിതകേരളം മിഷന്റെ പദ്ധതിയുടെ ഭാഗമായി, ജലസേചന വകുപ്പിന്റെ പദ്ധതിവിഹിതത്തിൽനിന്ന് 4.40 കോടി രൂപ ഉപയോഗിച്ച് ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള കാനാമ്പുഴയുടെ ഭാഗങ്ങളിലും കണ്ണൂർ മണ്ഡലം എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ച് ചൊവ്വ റെയിൽവേ പാലം മുതൽ മണ്ടേൻവയൽ വരെയുള്ള ഭാഗങ്ങളിലുമാണ് പുനരുദ്ധാരണം നടപ്പാക്കിയത്. ഈ പ്രവൃത്തിവഴി എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചനസൗകര്യം വർധിച്ചു.
കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടെടുക്കുകയും പൊതുജനങ്ങൾക്ക് സൗന്ദര്യം ആസ്വദിക്കാൻ നടപ്പാത നിർമിക്കുകയും അതുവഴി വിനോദസഞ്ചാരസാധ്യത വർധിക്കുകയും ചെയ്തു.
മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്ന് ഉദ്ഭവിച്ച് മാച്ചേരി, കാപ്പാട്, തിലാന്നൂർ, താഴെചൊവ്വ, കുറുവ, ആദികടലായി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന കാനാമ്പുഴയ്ക്ക് 10 കിലോമീറ്ററോളം നീളമുണ്ട്. കൈയേറ്റങ്ങളും കരയിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങളും മാലിന്യമിടലും കാരണം കാനാമ്പുഴ നാശോന്മുഖമായിരുന്നു.