കലാസ്നേഹികൾക്ക് ദൃശ്യ വിരുന്നൊരുക്കി ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ആർട് ഗാലറി
മലയാള നാട്ടിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച രാജ രവി വർമയുടെ പെയിന്റിംഗുകൾ ഉൾക്കൊള്ളിച്ച ആർട് ഗാലറി യാഥാർഥ്യമായി. രാജ രവി വർമയുടെ അപൂർവവും പ്രസിദ്ധവുമായ 46 ചിത്രങ്ങൾ, മുംബൈയിൽ നിന്ന് കൊണ്ടുവന്ന 14 ക്രോമോലിത്തോഗ്രാഫുകൾ, 10 പെൻസിൽ സ്കെച്ചുകൾ, ചിക്കാഗോയിൽ നടന്ന പെയിന്റിംഗ് എക്‌സ്‌പോയിൽ ലഭിച്ച 2 സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് പുറമെ സഹോദരൻ സി. രാജ രാജ വർമയുടെ 41 ചിത്രങ്ങളും അമ്മാവൻ രാജ രാജ വർമയുടെ 2 സൃഷ്ടികളും സഹോദരി മംഗള ബായി തമ്പുരാട്ടിയുടെ 2 ചിത്രങ്ങളും ഫ്രാങ്ക് ബ്രൂക്‌സ്, കൊട്ടാരം ചിത്രകാരൻ രാമ സ്വാമി നായിഡു, ഹോറസ് വാൻ റൂയിത്ത്, പദ്മനാഭൻ തമ്പി തുടങ്ങിയ സമകാലിക ചിത്രകാരരുടെയടക്കം 135 ചിത്രങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും ബൃഹത്തായ ആർട് ഗാലറിയാണ് രാജ രവി വർമ ആർട് ഗാലറി. ശ്രീചിത്ര ആർട് ഗാലറിയിൽ സൂക്ഷിച്ചിരുന്ന രവി വർമ പെയിന്റിംഗുകൾ രാജ രവി വർമ ആർട് ഗാലറിയിയിൽ പ്രദർശിപ്പിക്കും.
₹ 7.9 കോടി ചിലവിൽ 2 നിലകളുള്ള എയർകണ്ടീഷൻ ചെയ്ത കെട്ടിടമാണ് ഗാലറിയായി ഒരുക്കിയിരിക്കുന്നത്. മ്യൂസിയങ്ങൾക്കായുള്ള നോഡൽ ഏജൻസിയായ കേരളം മ്യൂസിയത്തിന്റെ പദ്ധതി പ്രകാരമാണ് 2020 നവംബറിൽ ആരംഭിച്ച ഗാലറി പൂർത്തിയായത്.