My Bhoomi- comes a single window portal for all transactions

എന്റെ ഭൂമി- എല്ല ഇടപാടുകൾക്കും ഏകജാലക പോർട്ടൽ വരുന്നു

എന്റെ ഭൂമി പോർട്ടൽ ഉപയോഗിച്ച് ഭൂമിസംബന്ധമായ എല്ല ഇടപാടുകൾക്കും ഏകജാലക പോർട്ടൽ എന്ന ആശയം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം നടത്തി. അത്യാധുനിക സർവ്വേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് ‘എന്റെ ഭൂമി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. സർവ്വേ ജോലികൾ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സർവ്വേ പ്രവർത്തനങ്ങളും ഒരു നെറ്റ്വർക്കിന് കീഴിൽ നിർവഹിക്കുന്നതിനും നൂതന ഡിജിറ്റൽ സർവ്വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്ന ജോലികളുടെ സ്ഥിതിവിവരം അറിയുന്നതിനുമായി പോർട്ടൽ ഉപയോഗിക്കാം .

ജിപിഎസ് സിഗ്നലുകൾ നാവിഗേഷൻ സാറ്റലൈറ്റുകളിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കുമ്പോൾ വിവിധ കാരണങ്ങളാൽ അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു. ഇത്തരം വ്യതിയാനങ്ങൾ കണ്ടെത്തി ഇന്റർനെറ്റിന്റെ സഹായത്താൽ ഫീൽഡ് സര്‍വ്വേയ്ക്ക് ഉപയോഗിക്കുന്ന RTK ഉപകരണങ്ങൾക്ക് തത്സമയം കറക്ഷൻ ഡാറ്റ നൽകുന്നതിന് സ്ഥാപിക്കുന്ന സ്ഥിരം (fixed) സ്റ്റേഷനുകളാണ് കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷനുകൾ – CORS. സംസ്ഥാനത്ത് ആകെ 28 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ഇപ്രകാരം CORSൽ നിന്ന് ലഭിക്കുന്ന കറക്ഷനുകൾ കൂടി കണക്കിലെടുത്ത് RTK ഉപകരണങ്ങൾ ഭൂമിയിലെ ഓരോ പോയിന്റുകളുടെയും വളരെ കൃത്യമായ കോർഡിനേറ്റുകൾ നല്കുന്നു. അതിനാൽ ഒരു ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ സഹായത്താൽ ഫീൽഡിൽ വച്ച് തന്നെ അതിർത്തികൾ വരച്ച് യോജിപ്പിച്ച് സര്‍വ്വേ ജോലികൾ ത്വരിതപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്.

സംസ്ഥാനത്ത് ആകെ സ്ഥാപിക്കേണ്ട 28 COR സ്റ്റേഷനുകളിൽ  നിലവില്‍ 27  സ്റ്റേഷൻ  ഇതിനോടകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സിവില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഒരു സ്റ്റേഷനിൽ (നിലക്കല്‍, പത്തനംതിട്ട) പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി വരുന്നു.

‘എന്റെ ഭൂമി’ പദ്ധതി – എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിൻറെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’ യിലൂടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.