e-Service & m-Service is now at your fingertips! Integrated Service Distribution System of the Government of Kerala

October1, 2021.4.30 pm
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്യുന്നു.
കേരള സർക്കാർ വിവിധ വകുപ്പുകൾ മുഖാന്തിരം സമൂഹത്തിലെ നാനാതുറകളിൽപെട്ട ജനങ്ങൾക്ക് ഒട്ടേറെ സേവന പദ്ധതികൾ ലഭ്യമാക്കുന്നുണ്ട്. സേവന അവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടിത്തിയിരിക്കുന്ന (RTS) സേവനങ്ങളിൽ ഭൂരിപക്ഷവും ഓൺലൈൻ വഴി വിവിധ വകുപ്പുകൾ നടപ്പിലാക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളിൽ ഇരുന്നുതന്നെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണ്. നിലവിൽ വ്യത്യസ്ത വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ഓരോ വകുപ്പുകളുടെയും വെബ്‌സൈറ്റ് മുഖാന്തിരം ഉപയോഗിയ്ക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ‘e-സേവനം’ എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിനു ഐ ടി മിഷൻ രൂപം നൽകിയിട്ടുള്ളത്.
കേരള സർക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇന്റർനെറ്റ് എന്റെ അവകാശം’ എന്നത്
‘e-സേവനം’ (www.services.kerala.gov.in) എന്ന ഏകീകൃത പോർട്ടൽ വഴി ഫലപ്രദമാവുകയാണ്. പ്രസ്തുത പോർട്ടലിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ ആദ്യഘട്ടമെന്ന നിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചയാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും, യുവജനങ്ങൾ &നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ&പെൻഷനേഴ്‌സ് , പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ 9 ആയി തരം തിരിച്ചിട്ടുണ്ട്.കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്. വെബ്‌പോർട്ടൽ കൂടാതെ മേൽ പറഞ്ഞ എല്ലാ സേവനങ്ങളും ഉൾകൊള്ളിച്ചു കൊണ്ടുള്ള m-Sevanam മൊബൈൽ ആപ്പും നിർമിച്ചിട്ടുണ്ട്. ഇത് ആൻഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. വിവിധ വകുപ്പുകളുടെ 450-ലധികം സേവനങ്ങൾ ആദ്യഘട്ടമെന്ന നിലയിൽ ലഭ്യമാക്കിയിട്ടുണ്ട്.
‘e-സേവനം’ പോർട്ടലിനോടൊപ്പം കേരള സർക്കാരിന്റെ വെബ് പോർട്ടൽ ആയ www.kerala.gov.in ഉം നവീകരിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്‌ബോർഡ്(dashboard.kerala.gov.in) വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പോർട്ടലിൽ ലഭ്യമാകും. സർക്കാരിന്റെ വിവിധ വകുപ്പുകൾ പുറപ്പെടുവിയ്ക്കുന്ന, സർക്കുലറുകൾ, ഓർഡറുകൾ അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോർട്ടലും കേരള സ്റ്റേറ്റ് പോർട്ടലിന്റെ ഭാഗമായി വികസിപ്പിച്ചട്ടുണ്ട്.
ഐടി വകുപ്പിന് കീഴിൽ സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ ആണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രസ്തുത പദ്ധതി ആരംഭിച്ചു പുരോഗമിച്ചത് .സി ഡിറ്റിന്റെ നേതൃത്വത്തിൽ ആണ് പ്രസ്തുത സേവന പോർട്ടൽ ഡിസൈൻ ചെയ്തത് .സംസ്ഥാന എൻ ഐ സി യുടെ നേതൃത്വത്തിൽ ആണ് വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി m-സേവനം മൊബൈൽ അപ്പ്ലികേഷൻ രൂപ കൽപ്പന ചെയ്തത്.വിവിധ വകുപ്പുകളുടെ സമയോചിതമായ സഹകരണം മൂലമാണ് ഈ ഓൺലൈൻ സർവീസ് ഡെലിവറി സംവിധാനം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത്.