Minister Devarkovil with an explanation as to whether he has the authority to possess antiquities

പുരാവസ്തുക്കള്‍ കൈവശം വെക്കാന്‍ അധികാരമുണ്ടോ, വിശദീകരണവുമായി മന്ത്രി ദേവര്‍കോവില്‍.

പുരാവസ്തുക്കള്‍ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താന്‍ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങള്‍ ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വരികയാണ്. ഇതിനെല്ലാം വ്യക്തമായ വിശദീകരണവുമായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പുരാവസ്തുക്കള്‍ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താന്‍ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങള്‍ ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വരികയാണ്. പുരാവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് എന്നതാണ് വസ്തുത.
അന്റിക്വിറ്റീസ് ആന്റ് ആര്‍ട്ട് ട്രഷേഴ്‌സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങള്‍ പ്രതിപാദിക്കുന്നത്. നൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുളളതുമായ വസ്തുക്കളാണ് പുരാവസ്തുക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്. ഇത്തരത്തില്‍പ്പെട്ട വസ്തുക്കള്‍ കൈവശമുളളവര്‍ക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുളള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്രപുരാവസ്തു വകുപ്പില്‍ പുരാവസ്തു രജിസ്റ്ററിംഗ് ഓഫീസുകള്‍ പ്രവത്തിക്കുന്നുണ്ട്. അത്തരം ഓഫീസുകളില്‍ പൊതുജനങ്ങളുടെ കൈവശമുളള പുരാവസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള സംവിധാനമുണ്ട്. രജിസ്റ്ററിംഗ് ഓഫീസ് അനുവദിക്കുന്ന പുരാവസ്തു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതു സംബന്ധിച്ചുളള ആധികാരിക രേഖയാണ്. കേരളത്തെ സംബന്ധിച്ച്, കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിന്റെ തൃശ്ശൂര്‍ സര്‍ക്കിളിനു കീഴില്‍ ഇത്തരം ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പുരാവസ്തുക്കള്‍ കൈവശമുളളവര്‍ നിയമപരമായി അത് സൂക്ഷിക്കുന്നതിനുളള അവകാശം ഈ രജിസ്‌ടേഷിനിലൂടെയാണ് നേടേണ്ടത്. പുരാവസ്തുക്കള്‍ ഇന്ത്യക്കകത്ത് കൈമാറ്റം ചെയ്യുന്നതിനും ഈ ആക്ടില്‍ വ്യവസ്ഥയുണ്ട്. അതുപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വസ്തുവിന്റെ ഉടമസ്ഥതയും കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണ്. രജിസ്റ്റര്‍ ചെയ്തതോ, ചെയ്യാത്തതോ ആയ യാതൊരു പുരാവസ്തുവും വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ ഇന്ത്യയില്‍ നിന്ന് പുറം രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാന്‍ അവകാശമില്ല. ഇന്ത്യയിലുളള ഒരു പുരാവസ്തു മറ്റൊരു രാജ്യത്തിനു കൈമാറണമെങ്കില്‍ അതിനുളള അവകാശം കേന്ദ്ര സര്‍ക്കാരിനുമാത്രമേയുളളു.
യഥാര്‍ത്ഥത്തില്‍ പുരാവസ്തുക്കള്‍ അല്ലാത്തതും എന്നാല്‍ കാഴ്ചയില്‍ പുരാവസ്തു എന്നു തോന്നിക്കുന്നതുമായ വസ്തുക്കള്‍ വില്പന നടത്തുന്നതിനും പുറം രാജ്യങ്ങളിലേയ്ക്കു കൊണ്ടു പോകുന്നതിനും അവ പുരാവസ്തുവല്ല എന്ന സാക്ഷ്യപത്രം (Non Antiqutiy certificate) ആവശ്യമുണ്ട്. മുന്‍പ് പറഞ്ഞ ആക്ടില്‍ ‘പുരാവസ്തുവല്ല’ എന്ന സാക്ഷ്യപത്രം നല്‍കുന്നതിനുളള വ്യവസ്ഥകളും ഉള്‍പ്പെടുന്നുണ്ട്. ഈ സാക്ഷ്യപത്രം നല്‍കുന്നതിനുളള അധികാരവും കേന്ദ്ര പുരാവസ്തു വകുപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഒരു വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നത്. കേരളത്തില്‍ കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിന്റെ തൃശ്ശൂര്‍ സര്‍ക്കിള്‍ ഓഫീസ് ഈ നടപടികള്‍ നല്ല നിലയില്‍ നിര്‍വ്വഹിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്.
ആന്റ്വിക്, നോണ്‍ ആന്റ്വിക് വസ്തുക്കളുടെ കച്ചവടം നടത്തുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുളള വ്യവസ്ഥകളും മേല്‍പറഞ്ഞ ആക്ടിലുണ്ട്. അതുപ്രകാരം ലൈസന്‍സ് നേടി നിയമവിധേയമായി ഇത്തരത്തിലുളള കച്ചവടം നടത്തി വരുന്നവരും ധാരാളമുണ്ട്. അതുകൊണ്ട് പുരാവസ്തുക്കള്‍ സുക്ഷിക്കുന്നതിനുളള അവകാശത്തെ സംബന്ധിച്ച് ജനങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കുകയും അത്തരത്തിലുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Facebook Post Link:
https://www.facebook.com/102557675245986/posts/226592026175883/?sfnsn=wiwspmo