The Kerala Public Record Bill was introduced in the Assembly

കേരള പൊതുരേഖ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു

2023ലെ കേരള പൊതുരേഖാ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തെ പുരാവസ്തു സ്മാരകങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണം, പരിപാലനം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് 1968ലെ പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് നിലവിലുണ്ടെങ്കിലും പ്രാധാന്യമുള്ള പുരാരേഖകളും പൊതുരേഖകകളും സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് നിയമം നിലവിലില്ല. നിലവിൽ 1976ലെ ചരിത്രരേഖാ നയ തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് മാത്രമാണ് ഉള്ളത്.

കേന്ദ്രസർക്കാർ 1993ൽ പാസാക്കിയ പബ്ലിക് റിക്കാർഡ് ആക്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് പുതിയ ബില്ല്. പ്രാധാന്യമുള്ള പൊതുരേഖകളുടെ സംരക്ഷണം നിയമം മൂലം ഉറപ്പാക്കുന്നതാണ് ബില്ലിലെ ഉള്ളടക്കം.

പൊതുരേഖകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഭരണനിർവഹണം, നടത്തിപ്പ്, മേൽനോട്ടം, നിയന്ത്രണം എന്നീ കാര്യങ്ങളിൽ സംസ്ഥാനസർക്കാരിനുള്ള അധികാരം പൊതുരേഖകൾ സംസ്ഥാനത്തിനു വെളിയിൽ കൊണ്ടു പോകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ, റിക്കാർഡ് ഓഫീസർമാരുടെ ചുമതലകൾ. പൊതുരേഖകൾ നശിപ്പിക്കലും തീർപ്പാക്കലും സംബന്ധിച്ച നിർദ്ദേശങ്ങൾ, സ്വകാര്യ സ്രോതസ്സുകളിൽ നിന്നും രേഖകൾ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ബില്ലിന്റെ ഭാഗമാണ്.

സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ശാശ്വത മൂല്യമുള്ള രേഖകൾ 25 വർഷം കഴിയുമ്പോൾ പുരാരേഖ വകുപ്പിന് കൈമാറണമെന്ന് ബില്ലിൽ വ്യവസ്ഥചെയ്യുന്നതോടൊപ്പം നിയമലംഘനവുമായി ബന്ധപ്പെട്ട ശിക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽ വിശദമായ പരിശോധനയ്ക്കായി നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു.