The news of mysterious transactions in the registration department is untrue and baseless

രജിസ്ട്രേഷൻ വകുപ്പിൽ ദുരൂഹ പണമിടപാടുകൾ എന്ന വാർത്ത വസ്തുതാവിരുദ്ധം

രജിസ്ട്രേഷൻ വകുപ്പിൽ ദുരൂഹ പണമിടപാടുകൾ എന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്

രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് പോർട്ടൽ മുഖാന്തിരം ഇ-പേയ്മെന്റ് സൗകര്യമുപയോഗിച്ചോ ട്രഷറിയിൽ നേരിട്ടോ സേവനങ്ങളുമായി ബന്ധപ്പെട്ട തുക അടയ്ക്കാൻ സാധിക്കും. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ഓഫീസിൽ നിന്നും നേരിട്ട് യു.പി.ഐ, ക്യൂ.ആർ കോഡ് സൗകര്യങ്ങൾ ഉപയോഗിച്ച് വകുപ്പിന്റെ പോർട്ടൽ വഴി തുക സ്വീകരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

ആധാര രജിസ്ട്രേഷൻ ഇടപാടുകൾക്ക് ടോക്കൺ എടുക്കുന്ന വേളയിൽ ഇ-പേയ്മെന്റ് മുഖേന തുക ഒടുക്കിയാൽ മാത്രമെ ആധാരം രജിസ്ട്രേഷനായി സമർപ്പിക്കുവാൻ കഴിയുകയുള്ളു. ഇതു കൂടാതെ മുൻആധാരങ്ങൾ ഡിജിറ്റൈസ് ചെയ്ത എട്ട് ജില്ലകളിലെ ഭൂരിഭാഗം ആധാരങ്ങളുടെയും പകർപ്പുകൾ ഓൺലൈനായാണ് ലഭ്യമാക്കി വരുന്നത്. ഈ ഇടപാടുകൾക്കും ഇപേയ്മെന്റ് വഴിയാണ് തുക അടയ്ക്കുന്നത്. ഈയാവശ്യങ്ങൾക്കുള്ള തുക സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് പണമായി സ്വീകരിക്കുവാൻ കഴിയില്ല.

സബ് രജിസ്ട്രാർ ഓഫീസുകളിലെ ഫയലിംഗ് ഷീറ്റുകളുടെ വില, വാസസ്ഥല അപേക്ഷ ഫീസ്, ഡിജിറ്റൈസ് ചെയ്യാത്ത മുൻആധാരങ്ങളുടെ പകർപ്പ് ഫീസ്, ആധാരമെഴുത്ത് ലൈസൻസുമായി ബന്ധപ്പെട്ടുള്ള ഫീസ്, ജി.എസ്.റ്റി, ചിട്ടി ഫീസ് എന്നീ ചെറിയ തുക ഫീസായി വരുന്ന ഇനങ്ങൾ മാത്രമാണ് നേരിട്ട് പണമായി സ്വീകരിക്കാറുള്ളത്. ഇവയൊഴികെയുള്ള എല്ലാ ഇടപാടുകൾക്കും ഇ-പേയ്മെന്റ്, യു.പി.ഐ, ക്യൂ.ആർ കോഡ് സൗകര്യങ്ങൾ ഉപയോഗിച്ച് തുക അടയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്.

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 9) പരിശോധിച്ചതിൽ നാമമാത്രമായ ഓഫീസുകളിലാണ് ഇ-പോസ് മെഷീനുകൾ തകരാറിലുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെ തകരാറിലാകുന്ന സാഹചര്യത്തിൽ സർക്കാരിന് ഇ-പേയ്മെന്റ് സൗകര്യം ഒരുക്കുന്ന ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അത് പരിഹരിക്കുകയും ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. ഇ-പോസ് മെഷീനുകൾ തകരാറിലാകുന്ന സാഹചര്യത്തിൽ മേൽ വിവരിച്ച ചെറിയ തുക ഫീസായി ഒടുക്കേണ്ട ഇടപാടുകൾക്ക് നേരിട്ട് പണമായി സ്വീകരിക്കാറുമുണ്ട്. ഇ-പോസ് തകരാറിലാകുന്ന ഓഫീസുകളിൽ നേരിട്ട് പണം ഒടുക്കുന്നതിന് മുമ്പ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിൽ അറിയിച്ചതിന് ശേഷം വകുപ്പിന്റെ വെബ് പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യം ഒരുക്കിയാൽ മാത്രമെ നേരിട്ട് പണം സ്വീകരിക്കുവാനും കഴിയുകയുള്ളു. ഇക്കാര്യത്തിൽ സബ് രജിസ്ടാർമാർക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല. ഇതുകൂടാതെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സ്വീകരിക്കുന്ന പണം ദിവസങ്ങൾക്ക് ശേഷമാണ് ട്രഷറിയിൽ അടയ്ക്കുന്നതെന്നും തെറ്റായ വിവരമാണ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ സ്വീകരിക്കുന്ന പണം തൊട്ടടുത്ത പ്രവൃത്തി ദിവസം ബന്ധപ്പെട്ട ട്രഷറിയിലോ ബാങ്കിലോ ഒടുക്കുന്നതിനായി കൃത്യമായ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധന അതാത് ജില്ലാ രജിസ്ട്രാർമാർ നടത്താറുണ്ട്. ഇ പോസ് മെഷീനുകൾ സ്ഥാപിച്ചതിൽ ശ്രീമൂല നഗരം സബ് രജിസ്ട്രാർ ഓഫീസിൽ മൊബൈൽ സിഗ്നൽ ലഭിക്കാത്തതു കാരണം ഇ പോസ് പ്രവർത്തിപ്പിക്കാൻ കഴിയാറില്ല. വിമാനത്താവള പരിസരത്തായതിനാലാണിത്.