ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയം പുനസ്സജ്ജീകരിച്ചു
ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയം പുനസ്സജ്ജീകരിച്ചു. പുരാതത്ത്വ പഠനങ്ങൾക്കുവേണ്ടി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിൻ ആർക്കിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ 1938 ൽ തൃശ്ശൂർ ടൗൺഹാളിൽ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് തൃശ്ശൂർ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ പുരാതത്ത്വ ചരിത്രം വരച്ചുകാട്ടുന്ന അപൂർവ്വ പുരാവസ്തുക്കൾ കൂടി ഉൾപ്പെടുത്തി 2005 ൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ പുനസ്സജ്ജീകരിക്കപ്പെട്ടു. മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങൾക്കനുസൃതമായി, ചരിത്രാതീത കാലം മുതൽ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദർശന വസ്തുക്കൾ ഉൾപ്പെടുത്തി നിലവിൽ മ്യൂസിയം സമഗ്രമായി നവീകരിച്ചിരിക്കുകയാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആണ് ആധുനിക രീതിയിൽ ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യുസിയം പുനസ്സജ്ജീകരിച്ചത്.