Professional websites for Rajaravi Varma Art Gallery and Kunchira Heritage Museum

രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കും കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിനും ഔദ്യോ​ഗിക വെബ്സൈറ്റുകൾ

മ്യൂസിയം, മൃഗശാല വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന രാജാരവി വർമ്മ ചിത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ട് ശേഖരമായ തിരുവനന്തപുരം രാജാരവിവർമ്മ ആർട്ട് ഗ്യാലറി, വയനാടിന്റെ ചരിത്രപരമായ പൈതൃകത്തെയും പ്രകൃതിസൗന്ദര്യത്തെയും അനുഭവവേദ്യമാക്കുന്ന വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയം എന്നിവ ഭാഷാ, ഭൂമിശാസ്ത്ര വേർതിരിവുകളില്ലാതെ ലോകത്തെവിടെനിന്നും വെർച്ച്വലായി സന്ദർശിക്കുന്നതിനു സൗകര്യമൊരുക്കുന്ന ഔദ്യോ​ഗിക വെബ്സൈറ്റുകൾ നിലവിൽ വന്നു. തദ്ദേശീയരേയും വിദേശീയരേയും ഒരു പോലെ ആകർഷിക്കുന്നതിന് മലയാളത്തിലും ഇം​ഗ്ലീഷിലും ഈ വെബ്സൈറ്റുകളിൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജാരവിവർമ്മ ആർട്ട് ​ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും, അന്തർദേശീയ തലത്തിൽ രവി വർമ്മ ചിത്രങ്ങളെ പരിചയപ്പെടുത്തുന്നതിനും കഴിയുന്ന വെബ്‌സൈറ്റാണ് rajaravivarmaartgallery.kerala.gov.in. ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രങ്ങളുടെ വെർച്ച്വൽ ടൂറും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കലാസ്വാദകർക്ക് ലോകത്തെവിടെ നിന്നും ഏത് സമയത്തും ​ഗ്യാലറി സന്ദർശിക്കാനും ആസ്വദിക്കാനും സാധിക്കും.

വയനാടിന്റെ പൈതൃകവും പ്രകൃതി വൈവിധ്യവും ആസ്വദിക്കാൻ കഴിയുന്ന വെർച്ച്വൽ ടൂർ വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ kunkichiramuseum.kerala.gov.in ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന വയനാട് പൈതൃക മ്യൂസിയത്തിലെ പവലിയനുകളുടെ പ്രദർശനം ഉൾപ്പെടുത്തിക്കൊണ്ടാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുളളത്.ഇത് പൈത്യക മ്യൂസിയം നേരിട്ട് സന്ദർശിക്കുന്ന അതേ അനുഭവം സന്ദർശകർക്കു നൽകും. 3 സോണുകളിലായി 15 പവിലിയനുകളുളള ഈ മ്യൂസിയത്തിലെ ഒന്നാമത്തെ സോണിൽ വയനാടിന്റെ വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾ, പ്രകൃതി വിഭവങ്ങൾ, ചരിത്ര വസ്തുതകൾ ആദിവാസി സമൂഹങ്ങൾ എന്നിവയെ കുറിച്ചുളള അടിസ്ഥാന വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ സോണിൽ വയനാട്ടിലെ ആദിവാസി സമൂഹങ്ങളുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും വിവിധ മാധ്യമങ്ങളുടെ സഹായത്താൽ വിവരിച്ചിരിക്കുന്നു. മൂന്നാമത്തെ സോണിൽ ഗോത്ര ജനതയുടെ അതിജീവിതം ജീവനോപാധികൾ, പാരമ്പര്യ ചികിത്സാരീതികൾ എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്.