Important step taken by the Registration Department: Sub-Registrar offices in Kerala are completely ''cashless''

രജിസ്‌ട്രേഷൻ വകുപ്പിന്റെ സുപ്രധാന ചുവടുവെപ്പ്: കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ സമ്പൂർണ്ണ ”ക്യാഷ് ലെസ്സ് ”

സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, രജിസ്‌ട്രേഷൻ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി ‘ക്യാഷ് ലെസ്സ്’ സംവിധാനത്തിലേക്ക് മാറ്റി. സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഇ-പേയ്മെന്റ് സംവിധാനം പൊതുജനങ്ങൾക്ക് വലിയൊരളവിൽ പ്രയോജനകരമാകും.

സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തി ദിവസം ട്രഷറികളിൽ ഒടുക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ആധാര രജിസ്‌ട്രേഷൻ ഫീസ് പോലുള്ള ഭീമമായ തുകകൾ ഓരോ സബ് രജിസ്ട്രാർ ഓഫീസുകളിലും അതാത് ദിവസം എണ്ണിത്തിട്ടപ്പെടുത്തി കൃത്യമായി അക്കൗണ്ടുകളിൽ രേഖപ്പെടുത്തി ഓഫീസുകളിൽ സൂക്ഷിക്കേണ്ടി വന്നിരുന്നു. കക്ഷികൾക്ക് ഫീസിനത്തിലുള്ള വലിയ തുകകൾ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ച് സബ് രജിസ്ട്രാർ ഓഫീസുകളിൽ നേരിട്ട് ഒടുക്കേണ്ട സാഹചര്യത്തോടൊപ്പം ഇപ്രകാരം വലിയ തുകകൾ ഓഫീസുകളിൽ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായി മാറുകയും പലതരം ക്രമക്കേടുകളും കവർച്ച/സുരക്ഷാപ്രശ്‌നങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് 2016-17 കാലഘട്ടത്തിൽ സർക്കാർ ഇ-പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിടുന്നത്.

ആധാര രജിസ്ട്രേഷൻ ഫീസുകൾ പൂർണ്ണമായും ഇ-പേയ്മെന്റായി അടയ്ക്കുന്നതിനുള്ള സംവിധാനം വകുപ്പിന്റെ PEARL സോഫ്റ്റ്വെയറിൽ നടപ്പാക്കി. തുടർന്ന് ബാധ്യത സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിങ്ങനെ വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് നിരന്തരം നൽകുന്ന സേവനങ്ങളും പൂർണമായും ഓൺലൈനിൽ ഫീസടച്ച് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി. 2019ൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇപോസ് മെഷീനുകൾ സ്ഥാപിക്കുകയും വാസസ്ഥല ഫീസ്, ഫയലിംഗ് ഷീറ്റിന്റെ വിൽപ്പന ഫീസ്, ഓഫീസിൽ അടയ്‌ക്കേണ്ട ഫീസുകൾ എന്നിവ കാർഡ് ഉപയോഗിച്ച് ഈടാക്കി തുടങ്ങി. 2020-ൽ കോവിഡ് കാലത്ത് UPI പേയ്മെന്റ് (Google Pay മുതലായവ) കൂടി നടപ്പാക്കി.

ചിട്ടി നിയമവുമായി ബന്ധപ്പെട്ട് ഓഫീസുകളിൽ അടയ്ക്കേണ്ട തുകകൾ, ഫയലിംഗ് ഷീറ്റിന്റെ വിൽപ്പനയിലുള്ള GST തുക, ആധാരമെഴുത്തുകാരുടെ ക്ഷേമനിധി തുകകൾ, ക്ഷേമനിധി സ്റ്റാമ്പ് വിൽപ്പന തുക, മറ്റ് ഇനത്തിലുള്ള തുകകൾ എന്നിവ കൂടി ഇപ്പോൾ ഇ-പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റി. ഇതോടെയാണ് സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളും സമ്പൂർണ്ണമായി ക്യാഷ്ലെസ്സ് ആയി മാറിയത്. ഈ തുകകൾക്ക് വേണ്ടി സ്‌പെഷ്യൽ TSB അക്കൗണ്ടുകൾ ഒരുക്കുകയും ചെയ്തു.

പൂർണ്ണമായും ഇ-പേയ്മെന്റിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമവും സുതാര്യവുമാകും. പണമിടപാടുകളിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാനും, സുരക്ഷ വർദ്ധിപ്പിക്കാനും, ഓഫീസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കാനും ഈ സംവിധാനം സഹായിക്കും. ഇത് ഡിജിറ്റൽ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണ്.