രജിസ്ട്രേഷൻ ഫയലുകളിലെ കാലതാമസം ഒഴിവാക്കണം
രജിസ്ട്രേഷൻ സംബന്ധിച്ച ഫയലുകളിൽ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തിൽ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖാ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാതൃകാപരമായിരിക്കണം. കാര്യക്ഷമത മെച്ചപ്പെടുത്താൻ ഓഫീസുകളിൽ സൗകര്യങ്ങൾ ഒരുക്കണം. ഫയലുകൾ വൈകുന്നത് ഒഴിവാക്കണം. ചുമതലാ ബോധത്തോടെ വകുപ്പ് കാര്യങ്ങൾ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി മൂലം വകുപ്പിന് കളങ്കം ചാർത്തപ്പെടുകയാണ്.വകുപ്പിന്റേത് മികച്ച പ്രവർത്തമാണെന്നു ജനങ്ങൾക്ക് അനുഭവങ്ങൾ ഉണ്ടാകണം.വകുപ്പിൻ്റെ ന്യൂനതകൾ പരിഹരിച്ച് മുന്നോട്ട് പോകാനും തങ്ങളുടെ ജോലികൾ സത്യസന്ധമായി നിർവഹിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഖജനാവിലേക്ക് സാമ്പത്തികം നൽകുന്ന സുപ്രധാന വകുപ്പാണ് രജിസ്ട്രേഷൻ വകുപ്പ്. ദൈനംദിന ജീവിതവുമായി, ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പാണ് ഇതെന്നും അതിനാൽ കാര്യക്ഷമത കൂടിയേ തീരൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്യുമുലേറ്റീവ് റവന്യു കലക്ഷൻ അവലോകനം, ഫ്ലാറ്റ് അണ്ടർ വാലുവേഷൻ കൊമ്പൗണ്ടിംഗ്, യു വി കേസുകളുടെ സെറ്റിൽമെൻ്റ്, ആധാരം രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും അവലോകനം നടന്നത്. വകുപ്പിൽ വരുന്ന സാങ്കേതികമായ പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ മന്ത്രി നിർദേശിക്കുകയുണ്ടായി.