Registration Department held a district-level review meeting in Kollam

രജിസ്ട്രേഷന്‍ വകുപ്പ് കൊല്ലം ജില്ലാതല അവലോകനയോഗം ചേര്‍ന്നു

സമയബന്ധിതവും സുതാര്യവുമായി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം
സമയബന്ധിതവും സുതാര്യവും സുഗമവുമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രജിസ്ട്രേഷന്‍ വകുപ്പിന്റെ കൊല്ലം ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ വരുമാന സ്രോതസില്‍ രണ്ടാം സ്ഥാനത്തുള്ള രജിസ്ട്രേഷന്‍ വകുപ്പിന്റെ കാര്യക്ഷമത ഉറപ്പാക്കാനും മെച്ചപ്പെടുത്താനുമായാണ് സബ് രജിസ്ട്രാര്‍മാരുടെ യോഗം ചേര്‍ന്നത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഡി.ഐ.ജി, ഡി.ആര്‍ തലം മുതല്‍ താഴോട്ട് അതാത് അധികാരികള്‍ തീര്‍പ്പുകല്‍പ്പിക്കാവുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അണ്ടര്‍ വാല്യൂവേഷന്‍ കേസുകളിലെ വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രഖ്യാപിച്ച സെറ്റില്‍മെന്റ് സ്‌കീമും കോമ്പൗണ്ടിംഗ് സ്‌കീമും അനുസരിച്ച് മാര്‍ച്ച് 31 നകം പരമാവധി കേസുകളില്‍ തീര്‍പ്പാക്കി അവസാനിപ്പിക്കാനും നിര്‍ദേശിച്ചു.

അഴിമതി ഒരു തരത്തിലും അനുവദിക്കില്ലെന്നും ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ട്രാവന്‍കൂര്‍- കൊച്ചിന്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ഉണ്ടായ കാലതാമസത്തിനുള്ള പിഴയുടെ കാര്യത്തിലും സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. നടപ്പു വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ പുരോഗതി, പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം, വാടക കെട്ടിടങ്ങള്‍ക്ക് പകരം സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തല്‍, ഫയലുകള്‍ തീര്‍പ്പാക്കല്‍, അണ്ടര്‍ വാല്വേഷന്‍-പ്രഖ്യാപിച്ച പദ്ധതിയുടെ പുരോഗതി, വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ സംബന്ധിച്ച അവലോകനം യോഗത്തില്‍ നടത്തി.