മഹാശിലായുഗ ശേഷിപ്പായ മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല സര്‍ക്കാര്‍ സംരക്ഷിക്കും. സ്ഥലത്തിന്റെയും നാടിന്റെയും ഓര്‍മ നിലനിര്‍ത്തുന്ന തരത്തില്‍ കുടക്കല്ല് സംരക്ഷിക്കുമെന്നും പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട് സംരക്ഷിത സ്മാരകമായി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന കുടക്കല്ല് നില്‍ക്കുന്ന രണ്ട് സെന്റ് സ്ഥലവും വഴിയും ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ അടക്കമുള്ള രേഖകള്‍ റവന്യു വകുപ്പ് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വീതിയില്‍ വഴിയും വിട്ട് നല്‍കാന്‍ ഉടമസ്ഥര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മഹാശിലായുഗത്തിലെ ശവസംസ്‌കാര സ്മാരകമാണ് കുടക്കല്ലുകള്‍. ചരിത്രകാരനായ വില്യം ലോഗന്റെ മലബാര്‍ മാനുവല്‍ എന്ന പുസ്തകത്തില്‍ ഈ കല്ലിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചെങ്കല്ല് കൊണ്ട് നിര്‍മിതമായ കുടക്കല്ലുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി കരിങ്കല്ല് കൊണ്ടാണ് പട്ടര്‍കുളത്തെ കുടക്കല്ല് നിര്‍മിച്ചിരിക്കുന്നത്.