Natural History Museum goes high-tech: Digital guided tour in four languages

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഇനി ഹൈടെക്: നാല് ഭാഷകളിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ

തിരുവനന്തപുരത്തെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശകർക്കായി അത്യാധുനിക ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം ഒരുക്കി മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന ഈ സംവിധാനം, മ്യൂസിയം സന്ദർശനാനുഭവം കൂടുതൽ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമാക്കും. സന്ദർശക സൗഹൃദം ഉറപ്പാക്കാൻ മ്യൂസിയം ഗാലറികളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് വിവിധ നിലകളിലുള്ള ഗാലറികൾ സന്ദർശിക്കാൻ പ്രത്യേക യന്ത്രക്കസേര ലഭ്യമാണ്. ഇതിനുപുറമെയാണ് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ ഡിജിറ്റൽ ഗൈഡഡ് ടൂർ ആപ്ലിക്കേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

സന്ദർശകർക്ക് ലഭിക്കുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടാബ്‌ലെറ്റുകളിൽ ടാപ്പ് ചെയ്യുമ്പോൾ, ഓരോ ഗാലറിയിലെയും പ്രദർശന വസ്തുക്കളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭിക്കും. ഉയർന്ന നിലവാരമുള്ള ഇയർഫോണുകളിലൂടെ മികച്ച ശ്രവ്യാനുഭവവും ഇത് ഉറപ്പാക്കുന്നു. വന്യമൃഗങ്ങളുടെ ശബ്ദം, പക്ഷികളുടെ കളകൂജനം, സമുദ്രതിരമാലകളുടെ ഇരമ്പൽ എന്നിവ പ്രകൃതിയിൽ നേരിട്ടറിയുന്നതുപോലെ കേൾക്കാനാകും എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.

മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്നതിനാൽ, സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നുമുള്ള സന്ദർശകർക്ക് മ്യൂസിയം പ്രദർശനങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാനും സാധിക്കും. ഈ നൂതന സംവിധാനം തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കൂടുതൽ ശ്രദ്ധേയമാക്കും.