The Conservation Museum and the Natural History Museum have become a reality

കൺസർവേഷൻ മ്യൂസിയവും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയവും യാഥാർഥ്യമായി

ചരിത്രം എന്നും വിജ്ഞാനകോശങ്ങളാണ്. ഇന്നത്തെ സംഭവങ്ങൾ നാളേയ്ക്ക് ചരിത്രമാകുമ്പോൾ അത് വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുക എന്നത് ഉത്തരവാദിത്തമുളള സർക്കാരിന്റെ കടമയാണ്. അത്തരത്തിൽ കേരളത്തിലെ വിവിധ ചരിത്ര രേഖകൾ കൈമോശം വരാതെ സൂക്ഷിക്കാനും പൊതുജനങ്ങൾക്ക് അവ നേരിട്ട്കണ്ട് മനസിലാക്കുന്നതിനുവേണ്ടിയുളള നടപടികളുമായി മുന്നോട്ടുളള യാത്രയിലാണ് പുരാവസ്തു വകുപ്പ്.

സംസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന കേരള കൈത്തറിയെ പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ഹാന്റ് വീവ് കോർപ്പറേഷന്റെ ഉടമസ്ഥതയിൽ കണ്ണൂരിൽ സ്ഥിതിചെയ്യുന്ന പഴയ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു. 2019-2020 കാലഘട്ടത്തിൽ ആരംഭിച്ച കൈത്തറി മ്യൂസിയം പുനരുദ്ധാരണത്തിന് 2.12 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. കൈത്തറി മ്യൂസിയത്തിന്റെ പ്രദർശനം ആരംഭിക്കുന്നതിനുളള നടപടികൾ 80% പൂർത്തീകരിച്ചു കഴിഞ്ഞു. വേഗത്തിൽ മ്യൂസിയം പൂർണ്ണതോതിൽ സജ്ജമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുളള തയ്യാറെടുപ്പിലാണ് പുരാവസ്തു വകുപ്പ്.

തിരുവനന്തപുരം ശ്രീചിത്ര ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിലുളളതും സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതുമായി രാജാരവിവർമ്മയുടേതടക്കം മറ്റ് നിരവധി പ്രശസ്ത ചിത്രകാരൻമാരുടെ 1000 ത്തോളം പെയിന്റിങ്ങുകൾ പുതുമ ചോരാതെ സംരക്ഷിക്കേണ്ടതുണ്ട്. നിലവിൽ കൺസർവേഷൻ ലാബ് കേരളത്തിൽ എവിടെയും ഇല്ലാത്തതിനാൽ പുതിയ ലാബ് പണിയാൻ തീരുമാനിച്ചതിന്റെ ഫലമായി ലാബ് ഒരുങ്ങിയിട്ടുണ്ട്. വളരെ വിപുലമായ രീതിയിൽ ആധുനിക സജ്ജീകരണത്തോടു കൂടി നിർമ്മിക്കുന്ന പുതിയ കൺസർവേഷൻ ലാബിന് 1,41,00,000 രൂപയാണ് വകയിരുത്തിയിട്ടുളളത്. കൺസർവേഷൻ ലബോറട്ടറിയിൽ പെയിന്റിംഗ് കൺസർവേഷൻ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം നാച്ച്യുറൽ ഹിസ്റ്ററി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുക എന്നത് കഴിഞ്ഞ സർക്കാരിന്റെ പദ്ധതിയായിരുന്നു. ആധുനിക രീതിയിൽ പുനരുദ്ധാരണം നടത്തി ശീതീകരണ സംവിധാനത്തോടു കൂടി മികച്ച മ്യൂസിയമാക്കി മാറ്റി. സമ്പൂർണ്ണ നവീകരണം നടത്തിയ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. 6.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കും അറിവും കൗതുകവും പകർന്നുനൽകുന്ന മികച്ച കേന്ദ്രമാണിത്.

പൊതുജനങ്ങൾക്ക് ചരിത്രരേഖകളും വസ്തുക്കളും വീണ്ടും കാണാനും അറിവും വിജ്ഞാനവും വർധിപ്പിക്കാനും മ്യൂസിയങ്ങൾ നൽകുന്ന സേവനങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയും ആധുനികവും സാങ്കേതികവുമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയെന്നത് സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള മികച്ച ചുവടുവെപ്പുകളാണ് ഈ പദ്ധതികൾ.