അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
രജിസ്‌ട്രേഷൻ വകുപ്പിനെ ജനസൗഹൃദമാക്കുകഎന്ന ലക്‌ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു. രജിസ്‌ട്രേഷൻ വകുപ്പിന്റെ ആധുനികവത്കരണത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. സർക്കാരിന്റെ വരുമാന സ്രോതസിൽ രണ്ടാം സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പിനാണ്. ആധാര പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈൻ സംവിധാനത്തിലൂടെ വേഗത്തിൽ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കും.
1885 ഏപ്രിൽ ഒന്നിനാണ് അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. പ്രതിവർഷം ശരാശരി 9000ൽ അധികം ബാധ്യതാ സർട്ടിഫിക്കറ്റുകളും 4000ൽ അധികം ആധാരപ്പകർപ്പുകളും 3000ൽ അധികം ആധാരങ്ങളും വരുന്ന ഓഫീസാണിത്. ഓഫീസ് ഫയലുകളും വാല്യങ്ങളും സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം പരിമിതമായതിനാലും കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളലുകൾ വീണതിനാലും പുതിയ കെട്ടിടം അനിവാര്യമായിരുന്നു. എൻ കെ അക്ബർ എം എൽ എ യുടെ പ്രത്യേക ഇടപെടലിലൂടെയാണ് കെട്ടിട നിർമാണത്തിന് തുക ലഭ്യമായത്. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പുന്നയൂർക്കുളം, കടിക്കാട്, പുന്നയൂർ, വടക്കേക്കാട്, വൈലത്തൂർ, എടക്കഴിയൂർ എന്നീ ആറ് വില്ലേജുകളിലെ ഗുണഭോക്താക്കൾ അണ്ടത്തോട് സബ് രജിസ്റ്റർ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നവയാണ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചെലവിട്ട് 539.90 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായാണ് കെട്ടിടം പണിതത്. താഴത്തെ നിലയിൽ സബ് രജിസ്ട്രാർ റൂം, ഓഫീസ് റൂം, ലൈബ്രറി, ഓഡിറ്റ് റൂം , ഡൈനിങ് ഹാൾ, വെയിറ്റിംഗ് ഏരിയ, നാല് ശുചിമുറികളും ഒരു ഭിന്നശേഷി സൗഹൃദ ശുചിമുറിയും മുകളിലത്തെ നിലയിൽ റെക്കോർഡ് റൂമുമാണ് ഒരിക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമാണ ചുമതല.