Archaeological survey to know the history of Attapadi

അട്ടപ്പാടിയുടെ സമഗ്ര ചരിത്രാന്വേഷണം ലക്‌ഷ്യംവെച്ചു പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സർവേയാണ് പുരാതത്വ സർവേ. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന പഠനത്തിൽ കൂടുതൽ വീരക്കല്ലുകൾ ലഭിച്ച പ്രദേശമാണ് അട്ടപ്പാടി. ഈ വീരകല്ലുകൾക്ക് ശിലായുഗ പഴക്കമുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. പോരാട്ടത്തിൽ വീരമരണം പ്രാപിക്കുന്ന വീരൻമാരുടെ സ്മരണയ്‌ക്കായി നാട്ടുന്ന കല്ലുകൾ എന്ന നിലയ്‌ക്കാണ്‌ പഴന്തമിഴ്‌ പാട്ടുകളിൽ വീരക്കല്ലുകളെക്കുറിച്ചുളള സൂചന.

ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ അട്ടപ്പാടിയെക്കുറിച്ച് സമഗ്രമായ സർവേ നടത്തുന്നത് ആദ്യമായാണ്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ, ഗവേഷകർ, വിദ്യാർഥികൾ ഉൾപ്പെടെ 22 പേർ അടങ്ങിയ ഫീൽഡ് സർവേ സംഘത്തെ ഇതിനായി തയാറാക്കിയിട്ടുണ്ട്. ഇവർ 4 സംഘങ്ങളായി തിരിഞ്ഞ് അട്ടപ്പാടിയിൽ സർവേ നടത്തും. തദ്ദേശ സ്ഥാപനങ്ങൾ, റവന്യൂ, വനം വകുപ്പുകളുടെ സഹകരണം പദ്ധതിക്കായി ഉറപ്പാക്കും.

സ്മാരകങ്ങൾ ഉൾപ്പെടെയുള്ള ചരിത്രാവശിഷ്ടങ്ങൾ പോയ തലമുറയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ആ കാലഘട്ടത്തിലെ ജീവിതരീതിയും അവരുടെ ഓർമ്മകളും വരും തലമുറക്ക് പകർന്നു നൽകാൻ, അത്തരം ഓർമകൾ നിലനിർത്തേണ്ടത് നമ്മുടെ കടമയാണന്നും പൊതുജനങ്ങളെ ബോധ്യപെടുത്തിയാണ് സർവേ നടത്തുന്നത്.